وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ
അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത്. എന്ന് അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)
۞إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ
നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥവിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്‍റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.