وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ
അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.
وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ
അവര്‍ (ആ ദൂതന്‍മാര്‍) വിജയത്തിനായി (അല്ലാഹുവോട്) അപേക്ഷിച്ചു. ഏത് ദുര്‍വാശിക്കാരനായ സര്‍വ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.
مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ
അവന്‍റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്‍കപ്പെടുന്നത്.
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ
അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത് നിന്നും മരണം അവന്‍റെ നേര്‍ക്ക് വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.
مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.