قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ
മൂസാ പറഞ്ഞു: "എന്റെ നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരേണമേ. ഞങ്ങളെ നീ നിന്റെ അനുഗ്രഹത്തിന് അര്‍ഹരാക്കേണമേ. നീ പരമകാരുണികനല്ലോ.”
إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ
പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക.
وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ
ദുര്‍വൃത്തികള്‍ ചെയ്തശേഷം പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തവരോട് നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.
وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ
മൂസായുടെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം ആ ഫലകങ്ങളെടുത്തു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്ക് ആ രേഖാഫലകത്തില്‍ മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണുണ്ടായിരുന്നത്.
وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ
നാം നിശ്ചയിച്ച സമയത്ത് തന്റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് എഴുപതുപേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: "എന്റെ നാഥാ, നീ ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്റെ ഒരു പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇച്ഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇച്ഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ.