كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۖ ثُمَّ إِلَيۡنَا تُرۡجَعُونَ

എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.


وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൌധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ.


ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ

ക്ഷമ പാലിക്കുന്നവരാണവര്‍. തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരും.


وَكَأَيِّن مِّن دَآبَّةٖ لَّا تَحۡمِلُ رِزۡقَهَا ٱللَّهُ يَرۡزُقُهَا وَإِيَّاكُمۡۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.


وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ

ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും “അല്ലാഹുവാണെ”ന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്?



الصفحة التالية
Icon