തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു.(9) രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.(10) ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു
____________________
9) അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു. അഥവാ സിംഹാസനാരോഹണം ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സിംഹാസനം ഏതു തരത്തിലുളളതാണെന്നോ, ആരോഹണം ഏത് രീതിയിലാണെന്നോ അല്ലാഹു അറിയിച്ചു തന്നിട്ടില്ല. നമ്മുടെ അറിവിന്റെ പരിധിക്കപ്പുറത്തുളള അദൃശ്യമായ കാര്യങ്ങളില്‍ നമ്മുടെ വകയായുള്ള വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ പ്രസക്തിയില്ല.
10) പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിച്ചത് അവന്‍ മാത്രമാണ്. അവ എങ്ങനെ വര്‍ത്തിക്കണമെന്ന് അനുശാസിക്കാനുള്ള അധികാരവും അവന് മാത്രമാകുന്നു. വ്യക്തിസ്വാതന്ത്ര്യമുള്ള മനുഷ്യനുള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും ഇത് ബാധകമത്രെ. എന്നാല്‍ അല്ലാഹുവിന്റെ ശാസനാധികാരത്തിന് വിധേയമായിക്കൊണ്ട് സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ മനുഷ്യന് അവകാശമുണ്ട്.


الصفحة التالية
Icon