സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്(25) ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
____________________
25 ഈ ആയത്തില്‍ 'മലകൈനി' എന്നും 'മലികൈനി' എന്നും 'ഖിറാഅത്ത്' (പാഠഭേദം) ഉണ്ട്. 'മലകൈനി' എന്ന പദത്തിന് രണ്ടു മലക്കുകള്‍ എന്ന ഭാഷാര്‍ത്ഥം തന്നെയാണ് ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. മലക്കുകളെപ്പോലെ അമാനുഷികപദവി നല്‍കി ജനങ്ങളാല്‍ ആദരിക്കപ്പെട്ട രണ്ടുപേര്‍ എന്നാണ് 'മലകൈനി'യുടെ വിവക്ഷയെന്നു പറയുന്നു മറ്റു ചിലര്‍. 'മലികൈനി' എന്നാല്‍ രണ്ട് രാജാക്കന്മാര്‍ എന്നര്‍ഥം. ഹാറൂത്തിനും മാറൂത്തിനും വശമുണ്ടായിരുന്നത് ചില മന്ത്രവിദ്യകളായിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തമാണ്. മന്ത്രവിദ്യ ഫലിക്കുമോ എന്ന കാര്യം ഇന്നും തര്‍ക്കവിഷയമാണ്. യഥാര്‍ഥമായും ഫലം ഉളവാകുമെന്ന് കരുതുന്നവരുണ്ട്. ചില മിഥ്യാഭ്രമങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ മന്ത്രവിദ്യ ഉപകരിക്കൂ എന്ന് കരുതുന്നവരുമുണ്ട്. ഫലമെന്തായാലും 'സിഹ്ര്‍' എന്ന പദത്തിന്റെ പരിധിയില്‍ വരുന്ന മാരണം, കുടോത്രം, മന്ത്രവാദം തുടങ്ങിയവ നിഷിദ്ധമാണെന്നതില്‍ സംശയമില്ല.


الصفحة التالية
Icon