നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്(15) എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു
____________________
15) സത്യനിഷേധികള്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ നബി(സ) സ്വദേശമായ മക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. രാത്രിയില്‍ ആരുമറിയാതെ നബി(സ)യും അബൂബക്കറും(റ) കൂടി മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരം പുലര്‍ന്നപ്പോള്‍ നബി(സ) രക്ഷപ്പെട്ട വിവരമറിഞ്ഞ് ശത്രുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. തങ്ങളെ ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ നബി(സ)യും അബൂബക്കറും(റ) കൂടി ഥൗര്‍ മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഗുഹാമുഖത്തും ശത്രുക്കള്‍ വന്നു. അപ്പോള്‍ അബൂബക്കര്‍(റ) തന്റെ ഉല്‍ക്കണ്‍ഠ നബി(സ)യെ അറിയിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞ മറുപടിയാണിത്. അവരെ കണ്ടെത്താതെ ശത്രുക്കള്‍ തിരിച്ചു പോയി. അത് അല്ലാഹുവിന്റെ പ്രത്യേക സഹായമായിരുന്നു.