തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.(33) ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
____________________
33 നബി(സ)ക്ക് മുമ്പ് അറബികള്‍ സഫായിലും മര്‍വയിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിയിരുന്നു. വിഗ്രഹാരാധനയുമായുള്ള ഈ ബന്ധം നിമിത്തം സഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് മനപ്രയാസം തോന്നിയിരുന്നു. ഹജ്ജിന്റെയും ഉംറയുടെയും ഭാഗമായ സഫാ-മര്‍വക്കിടയിലെ പ്രദക്ഷിണത്തിന് വിഗ്രഹാരാധനയുമായി ബന്ധമില്ലെന്നും അത് ദൈവികമതത്തിന്റെ ചിഹ്‌നങ്ങളില്‍പെട്ടതാണെന്നും അതിന്റെ പേരില്‍ മനപ്രയാസത്തിന്റെ ആവശ്യമില്ലെന്നും ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ഹജ്ജിന്റെ കര്‍മങ്ങളില്‍ ഇഹ്‌റാം, കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയ്ക്കിടയിലെ സഅ്‌യ്, മുടി നീക്കല്‍ എന്നിവ മാത്രമാണ് ഉംറയുടെ കര്‍മങ്ങള്‍. ഉംറ തനിച്ചോ, ഹജ്ജിനോടൊന്നിച്ചോ നിര്‍വഹിക്കാവുന്നതാണ്.


الصفحة التالية
Icon