അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു.(10) അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു
____________________
10) ശുദ്ധമായ ലോഹം അടിയില്‍ തങ്ങിനില്‍ക്കുന്നു. ശുദ്ധമായ വെളളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യര്‍ക്കും കാലികള്‍ക്കും മറ്റും പ്രയോജനപ്പെടുന്നു. ജീവിതപ്രവാഹത്തിന്റെ മുകള്‍പരപ്പില്‍ അസത്യത്തിന്റെ ചപ്പും ചവറും പൊങ്ങിനില്‍ക്കുന്നതായി നമുക്ക് പലപ്പോഴും കാണാം. എന്നാല്‍ കാലക്രമത്തില്‍ അവയൊക്കെ ഛിന്നഭിന്നമായി നശിച്ചുപോകുന്നു. സത്യം സ്ഥായിയായ അംഗീകാരത്തോടെ സമൂഹത്തിന്റെ അന്തര്‍ധാരയായി എന്നും വര്‍ത്തിക്കുകയും ചെയ്യുന്നു.