തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍!(1) നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
____________________
1) അല്ലാഹു മുഹമ്മദ് നബി(സ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്ന് ആദ്യം ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ(അല്‍ബൈത്തുല്‍ മുഖദ്ദസ്)യിലേക്കും, പിന്നീട് അവിടെനിന്ന് ആകാശങ്ങളിലേക്കും കൊണ്ടുപോവുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു 'മുഅ്ജിസത്ത്' (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 17ാം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മസ്ജിദുല്‍ അഖ്‌സായിലേക്കുളള നിശായാത്രക്ക് ഇസ്രാഅ് എന്നും, തുടര്‍ന്നുളള ആകാശയാത്രയ്ക്ക് മിഅ്‌റാജ് എന്നും പറയുന്നു. കൃഷിയിടങ്ങളും, തോട്ടങ്ങളുംകൊണ്ട് സമൃദ്ധവും, അധിവാസ യോഗ്യവുമായ ഭൂപ്രദേശമത്രെ മസ്ജിദുല്‍ അഖ്‌സായുടെ പരിസരം.