തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു.(25) എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്.(26) ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്.
____________________
25) മനുഷ്യര്‍ എത്ര അഹങ്കരിച്ചാലും അവര്‍ അല്ലാഹുവിന്റെ നിയന്ത്രണവലയത്തില്‍ തന്നെയാകുന്നു. അതിനെ അവര്‍ക്ക് മറികടക്കാനാവില്ല.
26) നിശായാത്രയില്‍ അല്ലാഹു നബി(സ)ക്ക് കാണിച്ചുകൊടുത്ത കാഴ്ചകളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നബി(സ) അത് വിവരിച്ചപ്പോള്‍ സത്യനിഷേധികള്‍ ശക്തിയായി പരിഹസിക്കുകയുണ്ടായി. നരകത്തില്‍ 'സഖ്ഖൂം' എന്നൊരു വൃക്ഷമുണ്ടെന്നും, അതില്‍ നിന്നായിരിക്കും ദുര്‍മാര്‍ഗികള്‍ക്കുള്ള ഭക്ഷണമെന്നും വിശുദ്ധഖുര്‍ആന്‍ പ്രസ്താവിച്ചപ്പോഴും സത്യനിഷേധികള്‍ രൂക്ഷമായ പരിഹാസം നടത്തുകയുണ്ടായി. അദൃശ്യവാര്‍ത്തകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയാനുള്ള സന്ദര്‍ഭങ്ങളത്രെ ഇതൊക്കെ.