ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും,(8) എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു.(9) എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
____________________
8) 'റത്ഖ്' എന്ന പദത്തിന്നാണ് ഒട്ടിച്ചേര്‍ന്നത് എന്ന് അര്‍ത്ഥം നല്‍കിയത്. അടഞ്ഞു കിടക്കുന്നത് എന്നും ചിലര്‍ അര്‍ത്ഥം നല്കിയിട്ടുണ്ട്. അതനുസരിച്ച് ആയത്തിന്റെ അര്‍ത്ഥം, 'ആകാശവും ഭൂമിയും അടഞ്ഞ അവസ്ഥയിലായിരുന്നെന്നും, പിന്നീട് അവയെ നാം പിളര്‍ക്കുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?' എന്നായിരിക്കും. അന്തരീക്ഷവും ഭൂമിയും വരണ്ടുണങ്ങിയ ശേഷം മഴപെയ്യിച്ചിട്ട് പ്രകൃതിയെ ഉല്പാദനത്തിന്നായി തുറന്നുവെക്കുന്നതിനെയാണ് ഈ വചനം സൂചിപ്പിക്കുന്നതെന്നത്രെ പൂര്‍വികരായ വ്യാഖ്യാതാക്കളുടെ പക്ഷം.
ആകാശങ്ങളും ഭൂമിയും രൂപം കൊള്ളുന്നതിന് മുമ്പ് ആദിപദാര്‍ഥം ഒന്നിച്ചുചേര്‍ന്നായിരുന്നു നിലകൊണ്ടിരുന്നതെന്നും, ഒരു ഉഗ്രസ്‌ഫോടനം അതിനെ വേര്‍പെടുത്തി ഇന്നത്തെ നിലയിലെത്തിക്കുകയാണുണ്ടായതെന്നും ആധുനികശാസ്ത്രം സിദ്ധാന്തിക്കുന്നു. 'റത്ഖ്' എന്ന പദത്തിന് ഭാഷാപരമായി കൂടുതല്‍ അനുയോജ്യമായ അര്‍ത്ഥം ഒട്ടിച്ചേര്‍ന്നത് എന്നത്രെ. സമീപകാലത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളൊക്കെ ഈ അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളത്. അതനുസരിച്ച് ഈ വചനം പ്രപഞ്ചോല്‍പത്തിയെപ്പറ്റിയുള്ള ആധുനിക വീക്ഷണത്തോട് യോജിക്കുന്നതത്രെ. വിശുദ്ധ ഖുര്‍ആന്റെ അവതരണകാലത്ത് ലോകത്തിന് അജ്ഞാതമായിരുന്ന ഒരു ഭൗതിക യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള ഈ പരാമര്‍ശം അതിന്റെ ദൈവികതയ്ക്ക് സാക്ഷ്യം വഹിക്കുന്നു.
9) ഏതൊരു ജീവകോശത്തിന്റെയും മുഖ്യഭാഗം ജലമത്രെ. ജലത്തിന്റെ അഭാവത്തില്‍ ജീവന് നിലനില്പില്ല.


الصفحة التالية
Icon