അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം(17) അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്.(18) അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം.(19) അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
____________________
17) വിളക്ക് വെക്കാന്‍ വേണ്ടി ചുമരില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ഉണ്ടാക്കുന്ന പഴുതിനാണ് മിശ്കാത്ത് എന്ന പേര് പറയുന്നത്. വിളക്ക് കാറ്റില്‍ അണഞ്ഞ് പോകാതിരിക്കാനും, വെളിച്ചം ഒരു പ്രത്യേക ഭാഗത്ത് കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു.
18) ഒരു കുന്നിന്റെ കിഴക്ക് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക്‌ശേഷം സൂര്യന്‍ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് മറയുമ്പോള്‍ വെയില്‍ ലഭിക്കുകയില്ല. കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക് മുമ്പ് കുറെസമയം വെയില്‍ കിട്ടാതെപോകും. ഇത് രണ്ടുമല്ലാത്ത-പകല്‍ മുഴുവന്‍ വെയില്‍ ലഭിക്കുന്ന-ഒലീവ് വൃക്ഷമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നാണ് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. പകല്‍ മുഴുവന്‍ വെയിലേറ്റു നില്‍ക്കുന്ന ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൂടുതല്‍ തെളിഞ്ഞതായിരിക്കും.
19) എണ്ണയുടെ തെളിച്ചവും, സ്ഫടികത്തിന്റെ തിളക്കവും, വിളക്കുമാടത്തിന്റെ ആകൃതിയും എല്ലാം കൂടി പ്രകാശത്തെ പരമാവധി തെളിഞ്ഞതാക്കിത്തീര്‍ക്കുന്നു. ശുദ്ധപ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ശുഭ്രപ്രകാശം. പ്രപഞ്ചത്തിനാകെ പ്രകാശം നല്‍കിയ ദിവ്യദീപ്തിയുടെ അത്യന്തം ലളിതമായ ഒരു പ്രതീകം.