നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.(3)
____________________
3 ജനിപ്പിക്കുകയും മരിപ്പിക്കുകയും തലമുറകളിലൂടെ ജീവന്‍ എന്ന പ്രതിഭാസം നിലനിര്‍ത്തുകയും ആകാശത്തും ഭൂമിയിലുമായി ജീവിതത്തെ താങ്ങിനിര്‍ത്തുന്ന അത്ഭുതകരമായ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത പ്രപഞ്ചനാഥനെ മിക്കവാറും എല്ലാ മതവിശ്വാസികളും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് മനസ്സിലാക്കിയിട്ടും അവരില്‍ പലരും ദൈവേതര ശക്തികളെ ആരാധിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമായി തുടരുകയാണ്. ഇത് ദൈവത്തിന് സമന്മാരെ സ്ഥാപിക്കലാണെന്നും അത് പാടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു.