വേദഗ്രന്ഥത്തില്‍ നിന്നും ഒരു പങ്ക് നല്‍കപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ട് പിന്തിരിഞ്ഞു കളയുന്നു.(2)
____________________
2) മൂസാ നബി(അ) മുഖേനയും ഈസാ നബി(അ) മുഖേനയും വേദങ്ങള്‍ അവതരിപ്പിച്ചത് മനുഷ്യര്‍ അവരുടെ പ്രശ്‌നങ്ങളില്‍ അതിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ തങ്ങള്‍ വേദക്കാരാണെന്നതില്‍ അഭിമാനം കൊള്ളുന്ന, ശാശ്വതമായ നരകശിക്ഷ തങ്ങള്‍ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയുന്ന സമുദായങ്ങളെ വേദഗ്രന്ഥങ്ങളുടെ വിധിത്തീര്‍പ്പ് അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അവരുടെ മട്ടു മാറുന്നു. വേദത്തെ അവഗണിച്ച് അവര്‍ തന്നിഷ്ടങ്ങളുടെ പിന്നാലെ പോകുന്നു. വിശുദ്ധഖുര്‍ആന്റെ അനുയായികളെന്ന് മേനി നടിക്കുന്നവരില്‍ പലരുടെയും സ്ഥിതി ഇതില്‍ നിന്നു ഭിന്നമല്ല.