ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍(17) ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്(18). മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.(19)
____________________
17) ആ വാക്ക് അവരുടെ മേല്‍ ഭവിക്കുക എന്നതിന് അന്ത്യദിനം ആസന്നമാകുക എന്നാണ് വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്പിച്ചിട്ടുള്ളത്. അന്ത്യദിനം സംബന്ധിച്ച അല്ലാഹുവിന്റെ പ്രഖ്യാപനമാണ് 'ആ വാക്ക്'.
18) അന്ത്യദിനം ആസന്നമായെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുണ്ടാകും. അവയിലൊന്നാണ് 'ദാബ്ബതുല്‍ അര്‍ദ്വ്' അഥവാ ഭൂമിയില്‍നിന്ന് എഴുന്നേല്‍പിക്കപ്പെടുന്ന അത്ഭുതജന്തു. ഈ ജന്തുവെ സംബന്ധിച്ച വിശദാംശങ്ങളില്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായ ഐക്യമില്ല.
19) 'തുകല്ലിമുഹും' എന്നതിന്റെ സ്ഥാനത്ത് 'തക്‌ലിമുഹും' എന്നൊരു പാഠഭേദമുണ്ട്. അതുപ്രകാരം 'ആ ജന്തു അവര്‍ക്ക് പരിക്കേല്പിക്കും' എന്നായിരിക്കും അര്‍ത്ഥം.