പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു.(4) അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(5) 
____________________
4) കൊട്ടാരത്തില്‍ ഉന്നത സ്ഥാനം നല്‍കപ്പെട്ടിരുന്ന മൂസ(അ) സാധാരണ പട്ടണത്തില്‍ ഇറങ്ങി നടക്കാറുണ്ടാവില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കാം ആളുകള്‍ ശ്രദ്ധിക്കാത്തവിധം, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ മറ്റോ അദ്ദേഹം പട്ടണത്തില്‍ ഇറങ്ങിച്ചെന്നത്.
5) തന്റെ വര്‍ഗക്കാരന്റെ നേരെ കയ്യേറ്റം നടത്തുന്നതില്‍ നിന്ന് എതിരാളിയെ തടയണമെന്നല്ലാതെ അവനെ കൊല്ലണമെന്ന് മൂസാ(അ)ക്ക് ഉദ്ദേശമില്ലായിരുന്നു. താന്‍ ഒരു കൊലയാളിയായിത്തീര്‍ന്നതില്‍ അദ്ദേഹം ദുഃഖിതനായി.


الصفحة التالية
Icon