നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്(21) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.(22) എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍(23) അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌.(24) അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. 
____________________
21) നബി(സ)യുടെ അടിമയായിരുന്നു സൈദുബ്‌നുഹാരിഥഃ. പിന്നീട് നബി(സ) അദ്ദേഹത്തെ മോചിപ്പിക്കുകയും വളര്‍ത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. തന്റെ ഒരു ബന്ധുവായ ജഹ്ശിന്റെ മകള്‍ സൈനബിനെ നബി(സ)അദ്ദേഹത്തെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. സുന്ദരിയും കുലീനയുമായ സൈനബിനെ സുന്ദരനല്ലാത്ത ഒരു മുന്‍ അടിമയെക്കൊണ്ട് വിവാഹം കഴിപ്പിക്കുക വഴി ഇസ്‌ലാമിലെ സമത്വഭാവന തെളിയിച്ചു കാണിക്കപ്പെട്ടു. പക്ഷെ, ആ ദമ്പതികള്‍ക്ക് ഏറെ നാള്‍ പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. സൈനബിന്റെസൗന്ദര്യവും ആഭിജാത്യവും ദാമ്പത്യവിജയത്തിന് തടസ്സം സൃഷ്ടിച്ചു. സൈനബുമായി സംതൃപ്തമായ ദാമ്പത്യബന്ധം തുടരാനാവില്ലന്ന് ബോദ്ധ്യപ്പെട്ട സൈദ് നബി(സ)യെ സമീപിച്ച് സൈനബിനെ വിവാഹമോചനം ചെയ്യാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. താന്‍തന്നെ മുന്‍കയ്യെടുത്തു നടത്തിയ ആ വിവാഹം വിവാഹമോചനത്തില്‍ കലാശിക്കരുതെന്നായിരുന്നു നബി(സ)യുടെ ആഗ്രഹം. അതിനാല്‍ ദാമ്പത്യം തുടരാനാണ് സൈദിനെ അവിടുന്ന് ഉപദേശിച്ചത്.
22) നബി(സ)മറച്ചുവെച്ച കാര്യം എന്താണ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ല. വിവാഹമോചനം അനിവാര്യമാകത്തക്കവിധം സൈദ്-സൈനബ് ദാമ്പത്യബന്ധം തകര്‍ന്നു കഴിഞ്ഞ കാര്യം നബി(സ) പൊതുജനങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് മറച്ചുവെച്ചുവെന്നാണ് ഒരു വ്യാഖ്യാനം. സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, തുടര്‍ന്ന് സൈനബ് നബി(സ)യുടെ പത്‌നിയായിത്തീരുമെന്നും അല്ലാഹു അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും, ആ കാര്യം നബി(സ) മനസ്സില്‍ മറച്ചുവെച്ചുവെന്നുമാണ് മറ്റൊരു വ്യാഖ്യാനം. വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
23) 'ലമ്മാ ഖദ്വാ വത്വറന്‍' എന്ന വാക്യാംശത്തിന് 'ആവശ്യം തീര്‍ന്നപ്പോള്‍' അഥവാ 'ആവശ്യം ഇല്ലാതായിക്കഴിഞ്ഞപ്പോള്‍' എന്നും അര്‍ത്ഥമാകാവുന്നതാണ്. സൈദ് വിവാഹമോചനം നടത്തുകയും 'ഇദ്ദഃ' കഴിയുകയും ചെയ്തശേഷം നബി(സ) സൈനബിനെ വിവാഹം കഴിച്ചു.
24) ദത്തുപുത്രന്മാര്‍ വിവാഹമോചനം നടത്തിയ സ്ത്രീകളെ വളര്‍ത്തച്ഛന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അറബികളുടെ ധാരണ. രക്തബന്ധത്തിന്റെയും മുലകുടി ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം നിഷിദ്ധമാവുകയുള്ളുവെന്ന് പ്രഖ്യാപിച്ച ഇസ്‌ലാം ഈ ധാരണ തിരുത്തി.


الصفحة التالية
Icon