സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല.(38) തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.
____________________
38) എല്ലാ സത്യവിശ്വാസികളും പ്രവാചകപത്‌നിമാരെ സ്വന്തം മാതാക്കള്‍ക്ക് തുല്യമായ സ്ഥാനമുള്ളവരായി ഗണിക്കാന്‍ ബാദ്ധ്യസ്ഥരാണ് എന്നതുകൊണ്ടാണ് അവരെ വിവാഹം കഴിക്കുന്നത് സത്യവിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയത്.


الصفحة التالية
Icon