സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു.(4) അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു.(5) അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
____________________
4) സുലൈമാന്‍ നബി(അ)ക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അതിവിദൂരമേഖലകളില്‍ ദൈനംദിന സന്ദര്‍ശനം നടത്താനുതകുംവിധം കാറ്റിനെ ഒരു വാഹനമെന്നോണം അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നര്‍ത്ഥം. കാറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ യാത്രയുടെ വിശദരൂപം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല.
5) ഉരുകിയ ചെമ്പിന്റെ വിപുലമായ ഒരു ശേഖരം തന്നെ അല്ലാഹു അദ്ദേഹത്തിന് അധീനപ്പെടുത്തിക്കൊടുത്തുവെന്നാണ് ചില വ്യാഖ്യാതാക്കള്‍ ഇതിന് വിശദീകരണം നല്‍കിയിട്ടുള്ളത്. ചെമ്പ് ഉരുക്കി ധാരാളമായി പാത്രങ്ങളും കൗതുകവസ്തുക്കളും നിര്‍മ്മിക്കാനുള്ള വിദ്യ അല്ലാഹു അദ്ദേഹത്തിന് വശമാക്കിക്കൊടുത്തുവെന്നാണ് മറ്റു ചിലര്‍ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്.


الصفحة التالية
Icon