അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ.(12) അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കി കളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി(13) ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
____________________
12) ജനങ്ങളുടെ താല്‍പര്യങ്ങളേക്കാളും, വ്യാപാരമാര്‍ഗത്തിന്റെ പൊതുവായ അഭിവൃദ്ധിയേക്കാളും കൂടുതല്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്കിയത്. ഏദന്‍-സിറിയ റൂട്ടിലെ വ്യാപാരമാകെ കുത്തകയാക്കിവെക്കാനാണ് സബഅ് ദേശക്കാര്‍ കൊതിച്ചത്. ഇടത്താവളങ്ങളുടെ എണ്ണം കുറയുകയും, അവ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ചെയ്താല്‍-ചെറുകിട വ്യാപാരികളെ ഒഴിവാക്കിക്കൊണ്ട് പ്രസ്ത്യുത വാണിജ്യമാര്‍ഗവും ഇടത്താവളങ്ങളും തങ്ങളുടെ കുത്തകയാക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടിയത്.
13) മആരിബ് അണക്കെട്ടിന്റെ തകര്‍ച്ചയോടെ യമനിലെ കാര്‍ഷികമേഖല ക്ഷയിച്ചു. താല്‍ക്കാലിക ലാഭം മാത്രം മുമ്പില്‍ കണ്ടുകൊണ്ടുള്ള നയങ്ങള്‍ വ്യാപാരരംഗത്ത് വിപരീതഫലങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ അറേബ്യയിലെ യമനീ പ്രതാപം ഒരു പഴങ്കഥയായിത്തീര്‍ന്നു. ധര്‍മ്മവും നീതിയും അവഗണിച്ചുകൊണ്ടുള്ള ജീവിതത്തിന് അല്ലാഹു നല്കിയ ശിക്ഷ അവരെ ഛിന്നഭിന്നമാക്കി.