അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്.(22) അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.
____________________
22) മലക്കുകളെ ദേവന്മാരായോ, ദേവികളായോ സങ്കല്പിച്ച് പൂജിക്കുന്ന സമ്പ്രദായം പല സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. അവരുടെ പേരില്‍ സ്ഥാപിക്കപ്പെടുന്ന പ്രതിഷ്ഠകളുടെ മുമ്പാകെയായിരുന്നു ഇത്തരം ആരാധനകള്‍ നടന്നിരുന്നത്. മലക്കുകളുടെ അംഗീകാരത്തോട് കൂടിയായിരുന്നില്ല ഇത് നടന്നിരുന്നത്. ആ പ്രതിഷ്ഠകളുടെ അടുത്ത് മലക്കുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. മറിച്ച് പിശാചുക്കളുടെ (ജിന്നുകളുടെ) പ്രേരണയും സാന്നിദ്ധ്യവുമാണ് അവിടെയുണ്ടായിരുന്നത്. ഫലത്തില്‍ ഈ പ്രതിഷ്ഠകളില്‍
കുടിയിരിക്കുന്ന പിശാചുക്കളായിരുന്നു പൂജിക്കപ്പെട്ടിരുന്നത്. ഈ കാര്യമാണ് മലക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
താന്‍ ആരാധിക്കപ്പെടുന്നത് ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രമേ 'മഅ്ബൂദ്' (ആരാധ്യന്‍) എന്ന നിലയില്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് അയാള്‍ അവകാശിയാകുകയുള്ളൂ. ഈസാനബി(അ) തുടങ്ങിയ മഹാത്മാക്കളും മലക്കുകളും ആരാധിക്കപ്പെടുന്നത് അവരുടെ അറിവോ അംഗീകാരമോ കൂടാതെയാണ്. അതുകൊണ്ടുതന്നെ അവര്‍ നിരപരാധരുമാണ്. മലക്കുകളുടെ മറുപടിയില്‍ ഈ നിരപരാധിത്വവും സൂചിപ്പിക്കപ്പെടുന്നു.