ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.(4) അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്.(5) നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.
____________________
4) സത്യനിഷേധികള്‍ പ്രതാപൈശ്വര്യങ്ങളോടെ വാഴുന്നത് കണ്ട് പലരും വഞ്ചിതരാകാറുണ്ട്. അത്തരക്കാരെ അനുകൂലിക്കുന്നതിലും അവരുടെ പക്ഷം ചേരുന്നതിലുമാണ് അന്തസ്സ് കുടികൊള്ളുന്നതെന്ന് ചിലര്‍ ധരിച്ചുപോകാറുണ്ട്. അത് മിഥ്യാധാരണയാണ്. ആര്‍ക്ക് എപ്പോള്‍ പ്രതാപം നല്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുന്നത്.
5) ഉത്തമവചനങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ അല്ലെങ്കില്‍ അവന്റെ രേഖയില്‍ എത്തിച്ചേരുന്നു.