ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ(7) നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.
____________________
7 ഖലീഫ എന്ന പദത്തിന് പിന്‍ഗാമി, പകരം നില്ക്കുന്നവന്‍, പ്രതിനിധി എന്നൊക്കെയാണ് അര്‍ഥം. ഇത് ആദം നബി(അ)യെ മാത്രം ഉദ്ദേശിച്ചുള്ള ഏകവചനമാകാം. മനുഷ്യരാശിയെ ആകെ ഉള്‍ക്കൊള്ളുന്ന വര്‍ഗനാമവുമാകാം. ഓരോ മനുഷ്യനും തന്റെ മുന്‍ഗാമിയുടെ പൈതൃകമേറ്റെടുത്തുകൊണ്ട് നാഗരികതയെ പരിപോഷിപ്പിക്കുന്നു. ഓരോ തലമുറയും പോയ തലമുറയ്ക്കുപകരം ജീവിതരംഗത്ത് ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ ചരാചരങ്ങളും ദൈവിക നിയമത്തിന് അഥവാ പ്രകൃതി നിയമത്തിന് വിധേയമായി വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയാണെങ്കില്‍ മനുഷ്യന്‍ മാത്രം ഒരളവോളം ഭൗതികവസ്തുക്കളുടെ മേല്‍ നിയന്ത്രണാധികാരമുള്ള സ്ഥാനപതിയായി ഭൂമിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.


الصفحة التالية
Icon