എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു.(14) അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.
____________________
14) ഏത് പുത്രനെ ബലിയര്‍പ്പിക്കാനാണ് ഇബ്‌റാഹീം നബി(അ)ക്ക് കല്പന ലഭിച്ചത്? ഇസ്മാഈലിനെയോ ഇസ്ഹാഖിനെയോ? യഹൂദ ക്രൈസ്തവ പണ്ഡിതന്മാരെല്ലാം ഇസ്ഹാഖിനെയാണെന്ന പക്ഷക്കാരാണ്. മുസ്‌ലിം പണ്ഡിതന്മാരില്‍ ഒരു വിഭാഗവും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഈ അധ്യായത്തില്‍ ബലിയെ സംബന്ധിച്ച പരാമര്‍ശമെല്ലാം കഴിഞ്ഞശേഷം ഇസ്ഹാഖിനെപ്പറ്റി പ്രത്യേകം വിവരിക്കുന്നതുകൊണ്ട് ഈ അഭിപ്രായം ശരിയാകാന്‍ സാധ്യത കുറവാണ്. പൂര്‍വികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ഇസ്മാഈലാണെന്ന പക്ഷക്കാരാണ്.