മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു:(7) ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
____________________
7) തൗറാത്ത് അഥവാ മൂസാനബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട വേദം അവികലമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. ബൈബിള്‍ പഴയനിയമത്തിലെ പല പുസ്തകങ്ങളിലായി തൗറാത്തിലെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പഴയനിയമമാണ് തൗറാത്തെന്ന് സാമാന്യമായി പറയപ്പെടുന്നു. പഴയനിയമത്തിലെ സംഖ്യാപുസ്തകത്തില്‍ സാഷ്ടാംഗ നിരതരായ സത്യവിശ്വാസികളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്‍ജീല്‍ അഥവാ ഈസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട വേദവും അന്യൂനമായി നമ്മുടെ മുമ്പിലില്ല. ബൈബിള്‍ പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിലായി ഇന്‍ജീലിന്റെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പുതിയനിയമമാണ് ഇന്‍ജീലെന്ന് സാമാന്യമായി പറയപ്പെടുന്നു. ഒരു വിത്ത് ക്രമപ്രവൃദ്ധമായി വളര്‍ന്ന് കരുത്താര്‍ജിക്കുന്നതിന്റെ ഉപമ മാര്‍ക്കോസ് സുവിശേഷത്തില്‍ കാണാം.


الصفحة التالية
Icon