ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.(30) 
____________________
30) ഉഹ്ദ് യുദ്ധം കഴിഞ്ഞ് ശത്രുനായകനായ അബൂസുഫ്‌യാന്‍ പോയത് അടുത്തവര്‍ഷം നമുക്ക് ബദ്‌റില്‍ വച്ചു കാണാം എന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം ശത്രുക്കള്‍ക്ക് വന്‍തോതില്‍ സൈനികസന്നാഹം നടത്താന്‍ കഴിഞ്ഞില്ല. റസൂല്‍(സ) അബൂസുഫ്‌യാന്റെ വെല്ലുവിളി പരിഗണിച്ച് യുദ്ധത്തിന് ഒരുക്കം കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ കപട വിശ്വാസികള്‍ ശത്രുസൈന്യത്തിന്റെ വലിപ്പം പറഞ്ഞു കൊണ്ട് മുസ്‌ലിംകളെ പേടിപ്പിക്കുകയായിരുന്നു. ധീരരായ സത്യവിശ്വാസികളുടെ അടുത്ത് അതൊന്നും വിലപ്പോയില്ല. അവര്‍ ബദ്‌റിലേക്ക് പുറപ്പെട്ടു. പക്ഷേ ശത്രുക്കള്‍ വരാത്തതിനാല്‍ ബദ്‌റിലെ കമ്പോളത്തില്‍ നിന്ന് ധാരാളം ചരക്കുകളും വാങ്ങിക്കൊണ്ട് നബി(സ)യും സ്വഹാബികളും മദീനയിലേക്ക് മടങ്ങി. കച്ചവടത്തില്‍ അവര്‍ക്ക് നല്ല ലാഭം കിട്ടുകയും ചെയ്തു. ഈ സംഭവം ഇസ്‌ലാമികചരിത്രത്തില്‍ 'ചെറിയ ബദ്ര്‍' എന്ന പേരില്‍ അറിയപ്പെടുന്നു.


الصفحة التالية
Icon