തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും(6) ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു.(7) അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവിനെയും അവന്‍റെ ദൂതന്‍മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയുമാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. 
____________________
6) അല്ലാഹുവിന്റെ സന്തുലിതമായ നിയമങ്ങളായിരിക്കാം 'തുലാസ്' എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത്.
7) അല്ലാഹു തന്റെ അത്യുന്നതമായ കഴിവുകൊണ്ട് മനുഷ്യര്‍ക്ക് സജ്ജമാക്കിക്കൊടുത്ത പല കാര്യങ്ങളെപ്പറ്റിയും പറഞ്ഞേടത്ത് വിശുദ്ധഖുര്‍ആനില്‍ 'ഇറക്കിക്കൊടുത്തു' എന്ന ശൈലി പ്രയോഗിച്ചതായി കാണാം. മനുഷ്യരാശിക്ക് അളവറ്റ നേട്ടങ്ങളുണ്ടാക്കിക്കൊടുത്ത ലോഹമാണ് ഇരുമ്പ്. അസംഖ്യം മനുഷ്യരുടെ മരണത്തിന് വഴിയൊരുക്കിയതും ഇരുമ്പുകൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ തന്നെ. ലോഹങ്ങളും ധാതുക്കളും അടങ്ങുന്ന പദാര്‍ത്ഥലോകം അല്ലാഹുവിന്റെ ദാനമാണ്. അതിന്റെ നേര്‍ക്ക് മനുഷ്യന്‍ കൈക്കൊള്ളുന്ന സമീപനമനുസരിച്ചായിരിക്കും അതുകൊണ്ടുള്ള നേട്ടകോട്ടങ്ങള്‍.


الصفحة التالية
Icon