പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു.(8) അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല.(9) എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു.
____________________
8) ഈസാ നബി(അ) വരെയുള്ള പ്രവാചകന്മാരെ ആ നിലയില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ വിലയിരുത്തുന്നത്. പക്ഷേ ഈസാനബി(അ) പ്രവാചകനല്ല. ദൈവപുത്രനാണെന്നാണ് അവരുടെ വാദം. അതിനെ ഖണ്ഡിച്ചുകൊണ്ട് ഈസാ നബി(അ)യും പ്രവാചകപരമ്പരയിലെ ഒരംഗം തന്നെയാണെന്നാണ് ഈ വചനം ഊന്നിപ്പറയുന്നത്.
9) ബ്രഹ്മചര്യവും വാനപ്രസ്ഥവുമൊക്കെ മതകീയജീവിതത്തിന്റെ പൂര്‍ണതയായി പലരും കാണുന്നു. ഇസ്‌ലാം ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. പച്ചമനുഷ്യരായി ജീവിച്ചുകൊണ്ടുതന്നെ സത്യത്തിന്റെ സാക്ഷികളായിരിക്കുകയും, പ്രതികൂല സാഹചര്യങ്ങളെ അതിജയിക്കുകയും ചെയ്യുന്നതിലാണ് ഇസ്‌ലാം മഹത്വം ദര്‍ശിക്കുന്നത്.


الصفحة التالية
Icon