രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.(3) പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും.(4) ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത.
____________________
3) മുസ്‌ലിംകളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ചിരുന്ന കപടവിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പലതരം ഉപജാപങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചപ്പോള്‍ പ്രത്യേക ഗ്രൂപ്പുകള്‍ ചേര്‍ന്ന് രഹസ്യസംഭാഷണം നടത്തുന്നത് നബി(സ) നിരോധിക്കുകയുണ്ടായി. പക്ഷേ, കപടന്മാര്‍ ആ വിലക്ക് ലംഘിച്ചുകൊണ്ട് വീണ്ടും ഗൂഢാലോചനകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
4) 'അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക് സമാധാനം ഉണ്ടായിരിക്കട്ടെ) എന്നാണ് അല്ലാഹു അംഗീകരിച്ച അഭിവാദ്യം. എന്നാല്‍ സലാം എന്ന വ്യാജേന കപടന്മാര്‍ മുസ്‌ലിംകളോട് പറഞ്ഞിരുന്നത് 'അസ്സാമു അലൈക്കും' (നിങ്ങള്‍ക്ക് മരണം) എന്നായിരുന്നു.