സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക.(5) അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
5) റസൂല്‍(സ)ന്റെ സദസ്സ് ഒരു തുറന്ന സദസ്സായിരുന്നു. സ്വഹാബികള്‍ക്ക് ആര്‍ക്കും അവിടെവെച്ച് റസൂലിനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാമായിരുന്നു. റസൂല്‍(സ) നല്കുന്ന മറുപടി എല്ലാവര്‍ക്കും കേട്ട് മനസ്സിലാക്കാന്‍ സൗകര്യപ്പെടുന്നുവെന്നതിനാല്‍ ഈ പൊതുസദസ്സ് ഒരു നല്ല പ്രബോധനോപാധികൂടിയായിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി റസൂലു(സ)മായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് രഹസ്യസംഭാഷണം നടത്തണമെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടായിരുന്നു. റസൂലി(സ)നോട് സ്വകാര്യ സംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നത് ഒരു അഭിമാനപ്രശ്‌നമായി കരുതിയിരുന്ന സമ്പന്നരായിരുന്നു ഇവരില്‍ ഭൂരിഭാഗം. റസൂലി(സ)ന്റെ സന്തതസഹചാരികളില്‍ പലരും ദരിദ്രരായിരുന്നു. അവരോടൊപ്പം സമയം ചെലവഴിക്കാനോ, അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനോ സാധിക്കാത്തവിധം സ്വകാര്യ സംഭാഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ അനുവദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് അത്തരം സംഭാഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും, സ്വകാര്യസംഭാഷണത്തിന് അവസരം തേടി വരുന്നവരുടെ ആത്മാര്‍ത്ഥത പരിശോധിക്കാനും വേണ്ടി റസൂലി(സ)നോട് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് മുമ്പായി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി എന്തെങ്കിലും ദാനം ചെയ്യണമെന്ന് അനുശാസിക്കപ്പെട്ടത്. ഇത് ധനികര്‍ക്ക് മാത്രമുള്ള ശാസനയായിരുന്നുവെന്ന് പല വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.


الصفحة التالية
Icon