വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു.(1) അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു.(2) ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക.
____________________
1) മദീനയില്‍ ചെന്ന ഉടനെ യഹൂദരുമായി നബി(സ) സമാധാനസന്ധിയിലേര്‍പ്പെട്ടിരുന്നു. മുസ്‌ലിംകളും യഹൂദരും പരസ്പരം ആക്രമണംനടത്തുകയോ ആക്രമണത്തിന് കൂട്ടുനില്ക്കുകയോ ചെയ്യില്ലെന്നായിരുന്നു കരാര്‍. പക്ഷേ, യഹൂദര്‍ പലപ്പോഴും ഈ കരാറിന്റെ താല്പര്യത്തിന്നെതിരായി ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയുണ്ടായി. തന്നിമിത്തം അല്ലാഹുവിന്റെ കല്പനപ്രകാരം റസൂല്‍ (സ)യും സ്വഹാബികളും കൂടി ഒരു യഹൂദഗോത്രത്തെ മദീനയില്‍ നിന്ന് തുരത്തിയോടിച്ചു. മദീനവിട്ട് യഹൂദര്‍ ഖൈബറിലാണ് താവളമുറപ്പിച്ചത്. എന്നാല്‍ ഖൈബര്‍ കേന്ദ്രീകരിച്ച് അവര്‍ ശല്യമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് അവരെ അവിടെ നിന്നും തുരത്തിയോടിക്കേണ്ടിവന്നു.
2) യഹൂദര്‍ മദീന വിട്ടുപോകുമ്പോള്‍ അവരുടെ സാധനസാമഗ്രഹികള്‍ കൊണ്ടുപോകാന്‍ നബി(സ) അനുവദിച്ചിരുന്നു. തദടിസ്ഥാനത്തില്‍ തങ്ങളുടെ വീടുകളില്‍ നിന്ന് പൊളിച്ചെടുക്കാന്‍ കിട്ടുന്ന മരക്കഷ്ണങ്ങള്‍ അവര്‍ എടുത്തിരുന്നു. വീടുകളുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ മുസ്‌ലിംകള്‍ പൊളിച്ചുനിരപ്പാക്കി.