നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.(2) തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്‍റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ.(3) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌.
____________________
2) സത്യവിശ്വാസികളോട് ശത്രുതയില്‍ വര്‍ത്തിക്കുന്നവരോട് മാത്രമേ ശത്രുത കാണിക്കേണ്ടതുള്ളൂവെന്നും, മുസ്‌ലിംകളുമായി സമാധാനപൂര്‍വം സഹവര്‍ത്തിക്കാന്‍ താല്പര്യം കാണിക്കുന്നവരോട് മുസ്‌ലിംകളും സമാധാനപൂര്‍വം സഹവര്‍ത്തിക്കേണ്ടതാണെന്നും വി.ഖു. 8:60,61ല്‍ വ്യക്തമാക്കിയിട്ടുണ്ട്. 8,9 വചനങ്ങള്‍ കൂടി നോക്കു.
3) ഇബ്‌റാഹീം നബി(അ) പിതാവിനോട് ചെയ്ത ഒരു വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചത്. എന്നാല്‍ മുസ്‌ലിംകള്‍ ഈ മാതൃക സ്വീകരിച്ചുകൊണ്ട് അവിശ്വാസികളായ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതില്ലെന്ന് ഈ വചനത്തില്‍നിന്ന് ഗ്രഹിക്കാം.


الصفحة التالية
Icon