സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക്(4) അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്.(5) നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചു കൊള്ളുക.(6) അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ച് കൊള്ളട്ടെ. അതാണ് അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
____________________
4) അവിശ്വാസികളുടെ സമൂഹത്തില്‍ നിന്ന് വിവാഹിതയായ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് മുസ്‌ലിം സമൂഹത്തിലേക്ക് വന്നാല്‍ എന്തു ചെയ്യണമെന്നാണ് ഇവിടെ വിവരിക്കുന്നത്. അവളെ അവിശ്വാസികളുടെ സമൂഹത്തിലേക്ക് തിരിച്ചയക്കരുത്. ഇസ്‌ലാം ആശ്ലേഷിച്ച ഒരു സ്ത്രീക്ക് ഒരു അവിശ്വാസിയുടെ ഭാര്യയായി തുടരാവുന്നതല്ല. എന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് അവള്‍ക്ക് കൊടുത്ത വിവാഹസമ്മാനം (മഹ്ര്‍) മുസ്‌ലിംകള്‍ അയാള്‍ക്ക് നല്‌കേണ്ടതാണ്. ഏതൊരു മുസ്‌ലിമിനും ആ സ്ത്രീയെ ന്യായമായ മഹ്ര്‍ നിശ്ചയിച്ച് (ഇദ്ദഃ കഴിഞ്ഞശേഷം) വിവാഹം കഴിക്കാവുന്നതുമാണ്.
5) ഇസ്‌ലാം ആശ്ലേഷിച്ച ഒരാള്‍ക്ക് അവിശ്വാസിനിയായ സ്ത്രീയുമായി ദാമ്പത്യബന്ധം തുടരാന്‍ പറ്റില്ല.
6) മുസ്‌ലിംകളുടെ ഭാര്യമാരാരെങ്കിലും അവിശ്വാസികളായി മാറുകയും, അവിശ്വാസികളില്‍ ആരുമായെങ്കിലും വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ ആദ്യഭര്‍ത്താവ് നല്കിയ മഹ്ര്‍ അമുസ്‌ലിം സമൂഹത്തോട് വസൂല്‍ ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.