സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ.(23) നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ(24) ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക.(25) എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു
____________________
23) ലൈംഗികവേഴ്ച മൂലവും ശുക്ലസ്ഖലനം മൂലവും ഉണ്ടാകുന്ന വലിയ അശുദ്ധിക്കാണ് 'ജനാബത്ത്' എന്ന് പറയുന്നത്. വലിയ അശുദ്ധിയുള്ള ആള്‍ക്ക് നമസ്‌കാരത്തില്‍ പ്രവേശിക്കാനോ നമസ്‌കാരസ്ഥലത്ത് (പളളിയില്‍) കഴിച്ചുകൂട്ടാനോ പാടില്ല. എന്നാല്‍ പള്ളിക്കുള്ളിലൂടെ കടന്നുപോകേണ്ടി വന്നാല്‍ അതിന് വിരോധമില്ല.
24) 'ലാമസ' എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം 'പരസ്പരം സ്പര്‍ശിച്ചു' എന്നാണ്. ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടു എന്ന അര്‍ത്ഥത്തിലുള്ള ഒരു അലങ്കാര പ്രയോഗമാണ് അതെന്ന് 2:236,237 എന്നീ വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം
25) 'വുദ്വൂ' ചെയ്യാനോ, കുളിക്കാനോ സൗകര്യപ്പെടാത്ത പക്ഷം പകരം ചെയ്യേണ്ട ശുദ്ധികര്‍മ്മമാണ് തയമ്മും. ശുദ്ധിയുളള നിലത്ത് ഇരു കൈപ്പത്തികള്‍ അടിച്ച് അതുകൊണ്ട് മുഖവും കൈകളും തടവുന്നതിനാണ് 'തയമ്മും' എന്ന് പറയുന്നത്.


الصفحة التالية
Icon