ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌?(17) എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്‌. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്‌. 
____________________
17 വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ് സീനാ പ്രദേശത്ത് താമസിക്കാന്‍ അവരോട് കല്പിച്ചത്. അവര്‍ക്കവിടെ ദിവ്യദാനമായ മന്നയും സല്‍വയും ലഭിക്കുകയും ചെയ്തു. കൃഷിയോഗ്യമല്ലാത്ത സീനായില്‍ അവരെ താമസിപ്പിച്ചത് അവരെ പരീക്ഷിക്കാനും ത്യാഗശീലവും അച്ചടക്കവും അഭ്യസിപ്പിക്കുവാനുമായിരുന്നു. മഹത്തായ ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അതൊക്കെ. എന്നാല്‍ ഇസ്‌റാഈല്യരില്‍ പലരും വിഭവസമൃദ്ധമായ ജീവിതത്തിനാണ് മറ്റെന്തിനെക്കാളും മുന്‍ഗണന നല്‍കിയിരുന്നത്.


الصفحة التالية
Icon