എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍.(6) നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും
____________________
6) യൂസുഫ് നബി (അ) ഈജിപ്തില്‍ താമസമുറപ്പിച്ചതോടെയാണ് ഇസ്‌റാഈല്യര്‍ അവിടത്തെ പൗരന്മാരായത്. പക്ഷേ, പില്‍ക്കാലത്ത് ഫറോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ അവര്‍ക്ക് ക്രൂരമായ അടിമത്വം അനുഭവിക്കേണ്ടി വന്നു. പ്രവാചകന്‍മാര്‍ മൂഖേന അല്ലാഹു അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു; പവിത്രഭൂമിയില്‍ (ഫലസ്തീനില്‍) അവരെ അവന്‍ അധിവസിപ്പിക്കുമെന്ന്.
അല്ലാഹു ഒരു വിഭാഗത്തെ ഒരിടത്ത് അധിവസിപ്പിക്കുമെന്ന് പറഞ്ഞാല്‍ അവിടെയുളളവരെയൊക്കെ അവന്‍ കുടിയൊഴിപ്പിച്ച് സ്ഥലം കാലിയാക്കി ഏല്‍പിച്ചു കൊടുക്കുമെന്നല്ല അതിന്റെ അര്‍ത്ഥം. അച്ചടക്കത്തോടും ധീരതയോടും കൂടി മുന്നേറുകയും എതിര്‍പ്പുകളെ അതിജയിക്കുകയും ചെയ്തു കൊണ്ട് അവിടെ അധിനിവേശം നടത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അതാണ് അല്ലാഹുവിന്റെ നടപടിക്രമം. ദൈവിക നടപടിയെപ്പറ്റിയുളള വികലമായ ധാരണയും ഭീരുത്വവും കൂടിച്ചേര്‍ന്നപ്പോള്‍ ഇസ്രാഈല്യര്‍ അനുസരണം കെട്ട ഒരു വര്‍ഗമായി അധപ്പതിച്ചു.
സീനാ മരുഭൂമിയില്‍ 40 വര്‍ഷം അന്തംവിട്ട് അലഞ്ഞുനടക്കുക എന്നതാണ് അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. അതിനിടയില്‍ മൂസായും(അ) ഹാറൂനും(അ) പരലോകം പ്രാപിച്ചു. പിന്നീട് യൂശഅ്(ജോഷ്വ) നബി(അ)യുടെ കാലത്താണ് ഇസ്രായില്യര്‍ക്ക് വാഗ്ദത്തഭുമിയില്‍ അധിനിവേശം നടത്താന്‍ സാധിച്ചത്.