അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്‍റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക.(34) എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്‍റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്
____________________
34) 'എന്താണ് മുഹമ്മദിന് ഇത്ര വലിയ പ്രത്യേകത? ദിവ്യസന്ദേശം ഞങ്ങള്‍ക്കും കിട്ടിക്കൂടെ? ഞങ്ങള്‍ വിശ്വസിക്കണമെന്ന് ദൈവത്തിന് ആവശ്യമുണ്ടെങ്കില്‍ അവന്‍ ഞങ്ങള്‍ക്കും സന്ദേശം എത്തിച്ചു തരട്ടെ' എന്നായിരുന്നു അറേബ്യയിലെ സത്യനിഷേധികളില്‍ ചിലരുടെ നിലപാട്.