surah.translation .

ജിന്ന്


പറയുക: ജിന്നുകളില്‍ കുറേ പേര്‍ ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവര്‍ പറഞ്ഞു: "വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.

"അത് നേര്‍വഴിയിലേക്ക് നയിക്കുന്നു. അതിനാല്‍ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.

"നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമത്രെ. അവന്‍ സഖിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

"ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു.

"മനുഷ്യരും ജിന്നുകളും അല്ലാഹുവെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.

"മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ 1 അഹങ്കാരം വളര്‍ത്തി.

"അല്ലാഹു ആരെയും പ്രവാചകനായി നിയോഗിക്കില്ലെന്ന് നിങ്ങള്‍ കരുതിയ പോലെ അവരും കരുതിയിരുന്നു.

"ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോഴത് കരുത്തരായ കാവല്‍ക്കാരാലും തീജ്വാലകളാലും നിറഞ്ഞുനില്‍ക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.

"ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ മുമ്പ് ഞങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍, തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന തീജ്വാലയെ അവന്ന് നേരിടേണ്ടിവരും.

"ഭൂമിയിലുള്ളവര്‍ക്ക് നാശം വരുത്താനാണോ ഉദ്ദേശിച്ചത്, അതല്ല അവരുടെ നാഥന്‍ അവരെ നേര്‍വഴിയിലാക്കാനാണോ ഇച്ഛിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.

"ഞങ്ങളോ, ഞങ്ങളില്‍ സച്ചരിതരുണ്ട്. അല്ലാത്തവരും ഞങ്ങളിലുണ്ട്. ഞങ്ങള്‍ ഭിന്നമാര്‍ഗക്കാരാണ്.

"ഭൂമിയില്‍ വെച്ച് അല്ലാഹുവെ പരാജയപ്പെടുത്താനോ, ഓടിപ്പോയി അവനെ തോല്‍പിക്കാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.

"സന്മാര്‍ഗം കേട്ടപ്പോള്‍തന്നെ ഞങ്ങളതില്‍ വിശ്വസിച്ചു. തന്റെ നാഥനില്‍ വിശ്വസിക്കുന്നവനാരോ, അവന് ഒരുവിധ നഷ്ടമോ പീഡനമോ ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടതില്ല.

"ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.

"വഴിവിട്ട് ജീവിക്കുന്നവരോ അവര്‍ നരകത്തീയിലെ വിറകായിത്തീരും.”

അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും.

അതിലൂടെ നാം അവരെ പരീക്ഷിക്കാനാണത്. തന്റെ നാഥന്റെ ഉദ്ബോധനത്തെ നിരാകരിച്ച് ജീവിക്കുന്നവരെ അവന്‍ അതികഠിന ശിക്ഷയിലകപ്പെടുത്തും.

പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.

ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റും തടിച്ചുകൂടുമാറായി.

പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.

പറയുക: നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല.

പറയുക: അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ ഒരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല.

അല്ലാഹുവില്‍നിന്നുള്ള വിധികളും അവന്റെ സന്ദേശവും എത്തിക്കുകയെന്നതല്ലാതെ ഒരു ദൌത്യവും എനിക്കില്ല. ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ തീര്‍ച്ചയായും അവന്നുള്ളത് നരകത്തീയാണ്. അവരതില്‍ നിത്യവാസികളായിരിക്കും.

ഈ ജനത്തിന് മുന്നറിയിപ്പ് നല്‍കിയ കാര്യം നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ബോധ്യമാകും: ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ കുറവെന്നും.

പറയുക: നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെട്ട ശിക്ഷ ആസന്നമാണോ അതല്ല എന്റെ നാഥന്‍ അതിനു നീണ്ട അവധി നിശ്ചയിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.

അവന്‍ അഭൌതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അഭൌതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.

അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു.

അവര്‍ തങ്ങളുടെ നാഥന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് അവനറിയാനാണിത്. അവരുടെ വശമുള്ളതിനെപ്പറ്റി അവന്ന് നന്നായറിയാം. എല്ലാ വസ്തുക്കളുടെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.