ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ(1) ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു.(2) തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
____________________
1) പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലേക്ക് വ്യത്യസ്ത ദൗത്യങ്ങളുമായി നിയോഗിക്കപ്പെടുന്ന, അല്ലാഹുവുമായി സാമീപ്യമുള്ള അവന്റെ ദാസന്മാരാണ് മലക്കുകള്‍. അവരുടെ സത്താപരമായ സവിശേഷതകളെപ്പറ്റി വിശുദ്ധഖുര്‍ആനും, തിരുസുന്നത്തും നല്കുന്നതില്‍ കവിഞ്ഞ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല. അതുകൊണ്ട് തന്നെ ചിറകുകള്‍ സംബന്ധിച്ച വിശദാംശങ്ങളും നമ്മുടെ അറിവിന് അതീതമത്രെ.
2) പല ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ആകാശഭൂമികളായി, നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളുമായി വികാസം പ്രാപിക്കുന്നതിന് മുമ്പ് പദാര്‍ഥം ഏകപിണ്ഡമായിരുന്നുവെന്ന് 21:30ല്‍ പറഞ്ഞിട്ടുണ്ട്. സസ്യജീവജാലങ്ങളടക്കം ദൃശ്യപ്രപഞ്ചത്തിലെ പല സുപ്രധാന ഘട്ടങ്ങളും തുടര്‍ന്നു അല്ലാഹു സൃഷ്ടിച്ചു. നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിസ്മയങ്ങള്‍ അവന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.