ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌?(1) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
1) പ്രവാചകപത്‌നിമാര്‍ ഉന്നതമായ ധാര്‍മിക മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീ സഹജമായ ചില ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു. നബി(സ)ക്ക് മറ്റു പത്‌നിമാരോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം തങ്ങളോടായിരിക്കണമെന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു.
ഒരിക്കല്‍ നബി(സ) പത്‌നിമാരില്‍ ഒരാളായ സൈനബ് ബിന്‍തു ജഹ്ശിന്റെ വീട്ടില്‍വെച്ച് അല്പം തേന്‍ കഴിച്ചു. ഈ വിവരം എങ്ങനെയോ ആഇശയും ഹഫ്‌സയും അറിഞ്ഞു. അവര്‍ക്ക് അത്ര ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. നബി(സ) തങ്ങളുടെ അടുത്തുവന്നാല്‍ 'താങ്കള്‍ 'മഗാഫിര്‍' പശ ചവച്ചുവല്ലേ, താങ്കളുടെ വായ് നാറുന്നു' എന്ന് അദ്ദേഹത്തോട് പറയണമെന്നായിരുന്നു ഈ തീരുമാനം. താന്‍ അല്പം തേന്‍ കഴിച്ചതേയുള്ളൂവെന്ന് നബി(സ) അവരോട് വ്യക്തമാക്കുകയും, സഹധര്‍മിണികളുടെ അനിഷ്ടം പരിഗണിച്ച് ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. അല്ലാഹു അനുവദനീയമാക്കിയ തേന്‍ ഭാര്യമാരുടെ താല്പര്യം മാനിച്ച് വര്‍ജിക്കാന്‍ തീരുമാനിച്ചത് ഉചിതമായില്ലെന്ന് അല്ലാഹു ഈ വചനത്തില്‍ നബി(സ)യെ ഉണര്‍ത്തുന്നു.


الصفحة التالية
Icon