surah.translation .

ഫജ്റ്


പ്രഭാതം സാക്ഷി.

പത്തു രാവുകള്‍ സാക്ഷി.

ഇരട്ടയും ഒറ്റയും സാക്ഷി.

രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ.

കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ?

ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ?

അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.

താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും.

ആണികളുടെ ആളായ ഫറവോനെയും.

അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു.

അവരവിടെ കുഴപ്പം പെരുപ്പിച്ചു.

അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു.

നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.

എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.”

എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.”

കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.

അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.

പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.

ധനത്തെ നിങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നു.

അതല്ല; ഭൂമിയാകെ ഇടിച്ചു നിരപ്പാക്കുകയും,

നിന്റെ നാഥനും അണിയണിയായി മലക്കുകളും വരികയും,

അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്‍മ വന്നിട്ടെന്തു കാര്യം?

അവന്‍ പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍.

അന്നാളില്‍ അല്ലാഹു ശിക്ഷിക്കും വിധം മറ്റാരും ശിക്ഷിക്കുകയില്ല.

അവന്‍ പിടിച്ചുകെട്ടുംപോലെ മറ്റാരും പിടിച്ചുകെട്ടുകയുമില്ല.

അല്ലയോ ശാന്തി നേടിയ ആത്മാവേ.

നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.

അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.

എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.