ﯜ
surah.translation
.
ﰡ
മുഹമ്മദ്
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്.
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു.
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.
അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്.
അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്.
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.
അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍)
അതിന്‍റെ കാരണമെന്തെന്നാല്‍ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികള്‍ക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം.
നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല.
തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്.
സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്.
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്
സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.
അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം.
എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?
തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന്‍ (വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.
അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു.
അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി!
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു.
അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍ അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്?
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.
നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല.
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.
നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു.
ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.