ﮖ
surah.translation
.
ﰡ
യൂനുസ
അലിഫ്-ലാം-റാഅ്. ഇത് ജ്ഞാന സമ്പന്നമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.
തങ്ങളില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്കു നാം ദിവ്യസന്ദേശം നല്‍കിയത്. ജനങ്ങള്‍ക്കൊരദ്ഭുതമായി തോന്നുന്നോ? ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ നാഥങ്കല്‍ സത്യത്തിനര്‍ഹമായ പദവിയുണ്ടെന്ന സുവാര്‍ത്ത അറിയിക്കാനും. സത്യനിഷേധികള്‍ പറഞ്ഞു: "ഇയാള്‍ വ്യക്തമായും ഒരു മായാജാലക്കാരന്‍ തന്നെ.”
ആകാശഭൂമികളെ ആറുനാളുകളിലായി പടച്ചുണ്ടാക്കിയ അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍; സംശയമില്ല. പിന്നീട് അവന്‍ അധികാരപീഠത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്റെ അനുവാദം കിട്ടിയ ശേഷമല്ലാതെ ശിപാര്‍ശ ചെയ്യുന്ന ആരുമില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനുമാത്രം വഴിപ്പെടുക. ഇതൊന്നും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്റെ തെറ്റുപറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാലാണിത്.
അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.
രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്.
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതംകൊണ്ട് തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍-
അവരുടെയൊക്കെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണത്.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന്‍ നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.
അവിടെ അവരുടെ പ്രാര്‍ഥന “അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍” എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം “സമാധാനം” എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം “ലോകനാഥനായ അല്ലാഹുവിന് സ്തുതി”യെന്നുമായിരിക്കും.
ജനം ഭൌതിക നേട്ടത്തിന് തിടുക്കം കൂട്ടുന്നപോലെ അവര്‍ക്ക് വിപത്ത് വരുത്താന്‍ അല്ലാഹുവും ധൃതി കാട്ടുകയാണെങ്കില്‍ അവരുടെ കാലാവധി എന്നോ കഴിഞ്ഞുപോയേനെ. എന്നാല്‍, നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി വിഹരിക്കാന്‍ നാം അയച്ചുവിടുകയാണ്.
മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു.
നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്.
പിന്നെ അവര്‍ക്കുശേഷം നിങ്ങളെ നാം ഭൂമിയില്‍ പ്രതിനിധികളാക്കി. നിങ്ങളെങ്ങനെ ചെയ്യുന്നുവെന്ന് നോക്കിക്കാണാന്‍.
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: "നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.” പറയുക: "എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”
പറയുക: "അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞാനിത് നിങ്ങളെ ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല. ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുകപോലുമില്ലായിരുന്നു. ഇതിനുമുമ്പ് കുറേക്കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയതാണല്ലോ. നിങ്ങള്‍ ആലോചിക്കുന്നില്ലേ?”
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
അവര്‍ അല്ലാഹുവിന് പുറമെ, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: "ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്.” ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു.
മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു.
അവര്‍ ചോദിക്കുന്നു: "ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്?” പറയുക: അഭൌതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.
ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്‍കിയാല്‍ ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്മാര്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും; തീര്‍ച്ച.
കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: "ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.”
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും.
ഐഹികജീവിതത്തിന്റെ ഉപമ യിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്.
അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു.
നന്മ ചെയ്തവര്‍ക്ക് നല്ല പ്രതിഫലമുണ്ട്. അവര്‍ക്കതില്‍ വര്‍ധനവുമുണ്ട്. അവരുടെ മുഖത്തെ ഇരുളോ നിന്ദ്യതയോ ബാധിക്കുകയില്ല. അവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.
എന്നാല്‍ തിന്മകള്‍ ചെയ്തുകൂട്ടിനയവരോ, തിന്മക്കുള്ള പ്രതിഫലം അതിനു തുല്യം തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവരുടെ മുഖങ്ങള്‍ ഇരുള്‍മുറ്റിയ രാവിന്റെ കഷ്ണംകൊണ്ട് പൊതിഞ്ഞ പോലിരിക്കും. അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: "നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.” പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: "നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.
"അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.”
അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.
ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”
അവനാണ് നിങ്ങളുടെ യഥാര്‍ഥ സംരക്ഷകനായ അല്ലാഹു. അതിനാല്‍ യഥാര്‍ഥത്തിനപ്പുറം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
അങ്ങനെ ധിക്കാരികളുടെ കാര്യത്തില്‍ “അവര്‍ വിശ്വസിക്കുകയില്ല” എന്ന നിന്റെ നാഥന്റെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു.
ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
ചോദിക്കുക: നിങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങളില്‍ സത്യത്തിലേക്ക് നയിക്കുന്ന വല്ലവരുമുണ്ടോ? പറയുക: അല്ലാഹുവാണ് സത്യത്തിലേക്ക് നയിക്കുന്നവന്‍. അപ്പോള്‍ സത്യത്തിലേക്ക് നയിക്കുന്നവനോ, അതല്ല മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ സ്വയം നേര്‍വഴി കാണാന്‍ കഴിയാത്തവനോ പിന്‍പറ്റാന്‍ ഏറ്റം അര്‍ഹന്‍? നിങ്ങള്‍ക്കെന്തു പറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നത്!
അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ഊഹം ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ്; തീര്‍ച്ച.
അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്.
അതല്ല; ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: "അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!”
എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്ന വര്‍ അവരിലുണ്ട്. വിശ്വസിക്കാത്തവരുമുണ്ട്. കുഴപ്പക്കാരെക്കുറിച്ച് നന്നായറിയുന്നവനാണ് നിന്റെ നാഥന്‍.
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: "എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത എനിക്കുമില്ല.”
അവരില്‍ നിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നവരുമുണ്ട്. എന്നാല്‍ ബധിരന്മാരെ കേള്‍പ്പിക്കാന്‍ നിനക്കാവുമോ? അവര്‍ തീരെ ചിന്തിക്കാത്തവരുമാണെങ്കില്‍.
അവരില്‍ നിന്നെ ഉറ്റുനോക്കുന്നചിലരുമുണ്ട്. എന്നാല്‍ കണ്ണുപൊട്ടന്മാരെ നേര്‍വഴി കാണിക്കാന്‍ നിനക്കാവുമോ? അവര്‍ ഒന്നും കാണാന്‍ ഒരുക്കവുമല്ലെങ്കില്‍!
നിശ്ചയമായും അല്ലാഹു മനുഷ്യരോട് അക്രമം കാണിക്കുന്നില്ല. മറിച്ച് ജനം തങ്ങളോടുതന്നെ അനീതി കാണിക്കുകയാണ്.
അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുന്ന നാളിലെ സ്ഥിതിയോര്‍ക്കുക: അന്നവര്‍ക്കു തോന്നും; തങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രം പകലില്‍ ഇത്തിരിനേരമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂവെന്ന്. അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കി തള്ളിയവര്‍ കൊടിയ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. അവര്‍ നേര്‍വഴിയിലായിരുന്നില്ല.
നാം അവര്‍ക്കു താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന വിപത്തുകളില്‍ ചിലത് നിനക്ക് ഈ ജീവിതത്തില്‍തന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പേ നിന്നെ മരിപ്പിച്ചേക്കാം. ഏതായാലും അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നെ, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനൊക്കെ അല്ലാഹു സാക്ഷിയായിരിക്കും.
ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിത്തീര്‍പ്പുണ്ടാക്കി. അവര്‍ അല്‍പവും അനീതിക്കിരയായതുമില്ല.
അവര്‍ ചോദിക്കുന്നുവല്ലോ: "ഈ വാഗ്ദാനം എപ്പോഴാണ് പുലരുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍.”
പറയുക: "എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ.” ഓരോ ജനതക്കും ഒരു നിശ്ചിത അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ ഇത്തിരിനേരം പോലും വൈകിക്കാനവര്‍ക്കാവില്ല. നേരത്തെയാക്കാനും കഴിയില്ല.
ചോദിക്കുക: അല്ലാഹുവിന്റെ ശിക്ഷ രാവോ പകലോ നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തുണ്ടാവുമെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ? അതില്‍നിന്ന് ഏത് ശിക്ഷക്കായിരിക്കും കുറ്റവാളികള്‍ തിടുക്കം കൂട്ടുക?
ആ ശിക്ഷ സംഭവിക്കുമ്പോഴേ നിങ്ങള്‍ വിശ്വസിക്കൂ എന്നാണോ? അപ്പോള്‍ അവരോടു ചോദിക്കും: "ഇപ്പോഴാണോ വിശ്വസിക്കുന്നത്? നിങ്ങള്‍ ഈ ശിക്ഷക്ക് തിടുക്കം കൂട്ടുകയായിരുന്നുവല്ലോ.”
പിന്നെ ആ അക്രമികളോട് പറയും: നിങ്ങള്‍ ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ?
അവര്‍ നിന്നോട് അന്വേഷിക്കുന്നു: ഇതു സത്യമാണോ എന്ന്. പറയുക: "അതെ. എന്റെ നാഥന്‍ സാക്ഷി. തീര്‍ച്ചയായും ഇതു സത്യംതന്നെ. നിങ്ങള്‍ക്കിതിനെ പരാജയപ്പെടുത്താനാവില്ല.”
അക്രമം പ്രവര്‍ത്തിച്ചവരുടെ വശം ഭൂമിയിലുള്ളതെല്ലാം ഉണ്ടെന്ന് കരുതുക; എങ്കില്‍, ശിക്ഷ നേരില്‍ കാണുമ്പോള്‍ അതൊക്കെയും പിഴയായി നല്‍കാന്‍ അവര്‍ തയ്യാറാകും. അവര്‍ ഖേദം ഉള്ളിലൊളിപ്പിച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി തീര്‍പ്പുണ്ടാവും. അവരോടൊട്ടും അനീതിയുണ്ടാവുകയില്ല.
അറിയുക: തീര്‍ച്ചയായും ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അറിയുക: അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. എങ്കിലും ഏറെപ്പേരും കാര്യം മനസ്സിലാക്കുന്നില്ല.
അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങളെല്ലാം മടങ്ങിച്ചെല്ലുന്നത് അവങ്കലേക്കാണ്.
മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.
പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം.
പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങളാലോചിച്ചുനോക്കിയിട്ടുണ്ടോ? എന്നിട്ട് നിങ്ങള്‍ അവയില്‍ ചിലതിനെ നിഷിദ്ധമാക്കി. മറ്റു ചിലതിനെ അനുവദനീയവുമാക്കി. ചോദിക്കുക: ഇങ്ങനെ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ടോ? അതോ, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണോ?
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ മനോഗതി എന്തായിരിക്കുമെന്നാണ് ഭാവിക്കുന്നത്? അല്ലാഹു ജനത്തോട് അത്യുദാരനാണ്; എന്നാല്‍ അവരിലേറെപ്പേരും നന്ദികാണിക്കുന്നില്ല.
നീ ഏതുകാര്യത്തിലാവട്ടെ; ഖുര്‍ആനില്‍നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ; നിങ്ങള്‍ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല. വ്യക്തമായ പ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.
അറിയുക: അല്ലാഹുവിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
സത്യവിശ്വാസം സ്വീകരിച്ചവരും സൂക്ഷ്മത പാലിക്കുന്നവരുമാണവര്‍.
ഇഹലോകത്തും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ തിരുത്താനാവാത്തതാണ്. ആ ശുഭവാര്‍ത്ത തന്നെയാണ് അതിമഹത്തായ വിജയം.
അവരുടെ വാക്കുകളൊന്നും നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും പ്രതാപമൊക്കെയും അല്ലാഹുവിനാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
അറിയുക: ആകാശഭൂമികളിലുള്ളവരൊക്കെയും അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട് പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ് പിന്തുടരുന്നത്? ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
നിങ്ങള്‍ക്ക് ശാന്തി നേടാനായി രാവിനെ നിശ്ചയിച്ചു തന്നതും പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. കേട്ടറിയുന്ന ജനത്തിന് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍?
പറയുക: നിശ്ചയമായും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവര്‍ വിജയിക്കുകയില്ല.
അവര്‍ക്കുണ്ടാവുക ഈ ലോകത്തെ ഇത്തിരി സുഖാനുഭവം മാത്രമാണ്. ഒടുക്കം അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നീട് നാമവരെ കഠിന ശിക്ഷ അനുഭവിപ്പിക്കും. അവര്‍ സത്യനിഷേധികളായതിനാലാണിത്.
നീ അവരെ നൂഹിന്റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, എന്റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളുംകൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല.
"അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ എനിക്കെന്ത്; ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ലല്ലോ. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ മുസ്ലിം ആയിരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.”
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തി. നാമവരെ ഭൂമിയിലെ പ്രതിനിധികളാക്കി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരെ മുക്കിക്കൊന്നു. അപ്പോള്‍ നോക്കൂ: താക്കീത് നല്‍കപ്പെട്ട അക്കൂട്ടരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.
പിന്നീട് അദ്ദേഹത്തിനുശേഷം നിരവധി ദൂതന്മാരെ നാം തങ്ങളുടെ ജനതകളിലേക്കയച്ചു. അങ്ങനെ അവരുടെ അടുത്ത് വ്യക്തമായ പ്രമാണങ്ങളുമായി അവര്‍ വന്നെത്തി. എങ്കിലും നേരത്തെ കള്ളമാക്കി തള്ളിയതില്‍ വിശ്വസിക്കാനവര്‍ തയ്യാറായിരുന്നില്ല. അവ്വിധം അതിക്രമികളുടെ മനസ്സുകള്‍ക്ക് നാം മുദ്ര വെക്കുന്നു.
പിന്നീട് അവര്‍ക്കുശേഷം നാം മൂസയെയും ഹാറൂനെയും നമ്മുടെ പ്രമാണങ്ങളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ജനമായിരുന്നു.
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് വ്യക്തമായ മായാജാലംതന്നെ; തീര്‍ച്ച.”
മൂസാ പറഞ്ഞു: "സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതേപ്പറ്റിയാണോ നിങ്ങളിങ്ങനെ പറയുന്നത്? ഇത് മായാജാലമാണെന്നോ? മായാജാലക്കാര്‍ ഒരിക്കലും വിജയിക്കുകയില്ല.”
അവര്‍ പറഞ്ഞു: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.”
ഫറവോന്‍ പറഞ്ഞു: "അറിവുള്ള എല്ലാ ജാലവിദ്യക്കാരെയും നിങ്ങള്‍ എന്റെ അടുത്തെത്തിക്കുക.”
അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളത് ഇടുക.”
അവര്‍ ഇട്ടപ്പോള്‍ മൂസ പറഞ്ഞു: നിങ്ങള്‍ ഈ കാണിച്ചതൊക്കെ വെറും ജാലവിദ്യയാണ്. അല്ലാഹു അതിനെ തോല്‍പിക്കും; തീര്‍ച്ച. സംശയമില്ല: നാശകാരികളുടെ ചെയ്തികളെ അല്ലാഹു ഫലവത്താക്കുകയില്ല.
അല്ലാഹു തന്റെ വചനങ്ങളിലൂടെ സത്യത്തെ സ്ഥാപിക്കുന്നു. കുറ്റവാളികള്‍ക്ക് എത്രതന്നെ അതനിഷ്ടകരമാണെങ്കിലും!
മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.
മൂസാ പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ മുസ്ലിംകളെങ്കില്‍!”
അപ്പോഴവര്‍ പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനത്തിന്റെ പീഡനങ്ങള്‍ക്കിരയാക്കരുതേ.
"നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ സത്യനിഷേധികളായ ഈ ജനതയില്‍നിന്ന് രക്ഷിക്കേണമേ.”
മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്ലകളാക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
മൂസാ പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഫറവോന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൌഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ! ജനങ്ങളെ നിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”
അല്ലാഹു പറഞ്ഞു: "നിങ്ങളിരുവരുടെയും പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ സ്ഥൈര്യത്തോടെയിരിക്കുക. വിവരമില്ലാത്തവരുടെ പാത പിന്തുടരരുത്.”
ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തി. അപ്പോള്‍ ഫറവോനും അവന്റെ സൈന്യവും അക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫറവോന്‍ പറഞ്ഞു: "ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചവനല്ലാതെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു.”
അല്ലാഹു പറഞ്ഞു: ഇപ്പോഴോ? ഇതുവരെയും നീ ധിക്കരിച്ചു. നീ കുഴപ്പക്കാരില്‍ പെട്ടവനായിരുന്നു.
നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.
തീര്‍ച്ചയായും ഇസ്രയേല്‍ മക്കള്‍ക്ക് നാം മെച്ചപ്പെട്ട താവളമൊരുക്കിക്കൊടുത്തു. വിശിഷ്ടമായ വിഭവങ്ങള്‍ ആഹാരമായി നല്‍കി. വേദവിജ്ഞാനം വന്നുകിട്ടുംവരെ അവര്‍ ഭിന്നിച്ചിരുന്നില്ല. ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ നാഥന്‍ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും.
നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.
അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.
ഏതൊരു ജനത്തിന്റെമേല്‍ നിന്റെ നാഥന്റെ വചനം സത്യമായി പുലര്‍ന്നുവോ അവര്‍ വിശ്വസിക്കുകയില്ല.
എല്ലാ തെളിവും അവര്‍ക്കു വന്നുകിട്ടിയാലും നോവേറിയ ശിക്ഷ നേരില്‍ കാണുംവരെ അവര്‍ വിശ്വസിക്കുകയില്ല.
ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ? യൂനുസിന്റെ ജനതയുടേതൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു.
നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?
ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.
പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം?
അതിനാല്‍ ഇവര്‍ക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? ഇവരുടെ മുമ്പെ കഴിഞ്ഞുപോയവര്‍ അനുഭവിച്ച ദുരന്തനാളുകള്‍ പോലുള്ളതല്ലാതെ? പറയൂ:"നിങ്ങള്‍ കാത്തിരിക്കുക. നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നുണ്ട്.”
പിന്നീട് നാം നമ്മുടെ ദൂതന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തും. ഇവ്വിധം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ്.
പറയൂ: "ജനങ്ങളേ, എന്റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.”
“നിന്റെ മുഖം ചാഞ്ഞുപോകാതെ ഈ മാര്‍ഗത്തിന് നേരെ ഉറപ്പിച്ചുനിര്‍ത്തണ”മെന്നും “നീ ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെ”ന്നും എന്നോടു കല്‍പിച്ചിരിക്കുന്നു.
അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അതിക്രമികളില്‍പ്പെടും; തീര്‍ച്ച.
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല.
നിനക്ക് ബോധനമായി ലഭിച്ചദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കുംവരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ.