surah.translation .

യാസീന്‍


യാസീന്‍ ‍.

തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;

നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.

നേരായ പാതയിലാകുന്നു (നീ.)

പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. (ഖുര്‍ആന്‍).

ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.

അവരില്‍ മിക്കവരുടെ കാര്യത്തിലും (ശിക്ഷയെ സംബന്ധിച്ച) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.

അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.

അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.

നീ അവര്‍ക്ക് താക്കീത് നല്‍കിയോ അതല്ല താക്കീത് നല്‍കിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.

ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.

തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.

ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.

അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു.

അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്‌.

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌.

വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല.

അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്‌?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.

പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്ന് പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍.

നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.

ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?

അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല.

അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും.

തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുക.

സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി.

അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജനതയുടെ നേരെ ആകാശത്ത് നിന്ന് സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.

അത് ഒരൊറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.

ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല.

അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ?

തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.

അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്‌.

ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു.

അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!

രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.

സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.

ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.

അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്‌.

നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്‌.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.

നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവര്‍ക്ക് നല്‍കുന്നത്‌.) അല്ലാതെ.

നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.)

അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നെത്തിയാലും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല.

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.

അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?

ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്‌. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും.

അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല.

കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും.

അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്‌.

അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു.

അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല.

തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.

അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.

അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.

സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.

കുറ്റവാളികളേ, ഇന്ന് നിങ്ങള്‍ വേറിട്ട് നില്‍ക്കുക (എന്ന് അവിടെ വെച്ച് പ്രഖ്യാപിക്കപ്പെടും.)

ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.

നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. ഇതാണ് നേരായ മാര്‍ഗം എന്ന്‌.

തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ (പിശാച്‌) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?

ഇതാ, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന നരകം!

നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി അതില്‍ കടന്നു എരിഞ്ഞ് കൊള്ളുക.

അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും , അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്‌.

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു. എന്നിട്ടും പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ അവര്‍ ശ്രമിച്ചേനെ. എന്നാല്‍ അവര്‍ക്കെങ്ങനെ കാണാന്‍ കഴിയും?

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ അവര്‍ക്ക് നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയില്ല. അവര്‍ക്ക് തിരിച്ചുപോവാനുമാവില്ല.

വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?

അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു.

ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും.

നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു.

അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്‌. (പുറമെ) പാനീയങ്ങളും. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?

തങ്ങള്‍ക്ക് സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു.

അവരെ സഹായിക്കാന്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്‌) സാധിക്കുകയില്ല. അവര്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്‌) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു.

അതിനാല്‍ അവരുടെ വാക്ക് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു.

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.

അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്‌?

പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.

പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു.

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.

മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!