surah.translation .
من تأليف: عبد الحميد حيدر المدني وكونهي محمد .

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. 
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.(1)
____________________
1) മുഴുവന്‍ അധര്‍മകാരികളുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമുച്ചയമാണ് 'സിജ്ജീന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല. 
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌. 
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. 
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.(2)
____________________
2) സത്യവിശ്വാസികള്‍ക്ക് പരലോകത്ത് അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയിലൂടെ അനിതരമായ ആനന്ദാനുഭൂതി ലഭിക്കുന്നതാണ്. എന്നാല്‍ ഇതിനുള്ള അവസരം അവിശ്വാസികള്‍ക്ക് നിഷേധിക്കപ്പെടുന്നതാണ്.
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു. 
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.(3)
____________________
3) സച്ചരിതരുടെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമാഹാരമാണ് 'ഇല്ലിയ്യൂന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.
സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.(4)
____________________
4) 'യശ്ഹദു' എന്ന വാക്കിന് സാക്ഷ്യം വഹിക്കും എന്നും സന്നിഹിതരാകും എന്നും അര്‍ഥമുണ്ട്. സാമീപ്യം സിദ്ധിച്ചവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിന്റെ മലക്കുകളാണെന്നാണ് പല വ്യാഖ്യാതാക്കളും അഭി്രപായപ്പെട്ടിട്ടുള്ളത്. ആ രേഖാസമാഹാരത്തിന് മലക്കുകളുടെ സാക്ഷ്യം അല്ലെങ്കില്‍ കാവല്‍ ഉണ്ടായിരിക്കുമെന്ന് വിവക്ഷ.
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം. 
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. 
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
അതിലെ ചേരുവ തസ്നീം ആയിരിക്കും. 
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം. 
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. 
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌. 
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.