യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല.(1) നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല.(2) നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല.(3) അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.
____________________
1) ഒരാള്‍ക്കും മനഃസാക്ഷിയെ വഞ്ചിക്കാതെ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കഴിയില്ലെന്ന് സൂചന.
2) ഭാര്യയോട് 'നീ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതാവിന് തുല്യമാകുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവളുമായുള്ള ദാമ്പത്യബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ഇതിനാണ് 'ദ്വിഹാര്‍' എന്നു പറയുന്നത്. 'ദ്വിഹാര്‍' ചെയ്യപ്പെടുന്ന സ്ത്രീ സാങ്കേതികമായി വിവാഹമുക്തയായിരുന്നില്ല. അവള്‍ക്ക് വേറെ വിവാഹം കഴിക്കാന്‍ അവകാശം നല്‍കിയിരുന്നുമില്ല. ഇസ്‌ലാം ഈ സ്ത്രീപീഡന സമ്പ്രദായം അവസാനിപ്പിച്ചു.
3) കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ഇസ്‌ലാം എതിരല്ല. അനാഥരും,അഗതികളുമായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് മഹത്തായ പുണ്യകര്‍മ്മമായി തന്നെയാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പക്ഷെ ദത്തെടുക്കപ്പെടുന്ന വ്യക്തി ദത്തുപുത്രന്‍ മാത്രമാണ്, സ്വന്തംപുത്രനല്ല. ദത്തെടുത്ത വ്യക്തി അവന്റെ സംരക്ഷകന്‍ മാത്രമാണ്, സാക്ഷാല്‍ പിതാവല്ല. പിതൃപുത്രബന്ധത്തിന്റെ എല്ലാ മാനങ്ങളും ആ ബന്ധത്തിനില്ല. സംരക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രൂപം കൊള്ളുന്ന ബന്ധത്തെ രക്തബന്ധത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുടുംബപരവും സാമൂഹ്യവുമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.