നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു.(30) അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും(31) നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)(32) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു.(33) അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം.(34) നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
30) നബി(സ)യുടെ പത്‌നിമാര്‍ 'സത്യവിശ്വാസികളുടെ മാതാക്കള്‍' എന്ന പ്രത്യേക പദവിയുള്ളവരാണെന്ന് ആറാം വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നബി(സ)യുടെ കാലത്തും അവിടുത്തെ വിയോഗത്തിനുശേഷവും ഇസ്‌ലാമിക സമൂഹത്തില്‍ അവര്‍ക്ക് മഹത്തായ പല ദൗത്യങ്ങളും നിര്‍വ്വഹിക്കാനുണ്ടായിരുന്നു. അതിനാല്‍ നബി(സ)യുടെ വിവാഹങ്ങള്‍ ലൈംഗികമായ പരിഗണനകളെക്കാളുപരി മഹത്തായ ഈ പദവിയോട് നീതിപുലര്‍ത്താനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഈ വചനം അവതരിക്കുന്നതിന് മുമ്പ് വിവാഹമൂല്യം നല്‍കിക്കൊണ്ട് നബി(സ) നടത്തിയ വിവാഹങ്ങള്‍ അല്ലാഹു അംഗീകരിക്കുകയും, ഇനി വിവാഹം കഴിക്കുകയാണെങ്കില്‍ അത് സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
31) യുദ്ധത്തടവുകാരെ അടിമകളാക്കിയിട്ട് പടയാളികള്‍ പങ്കിട്ടെടുക്കുകയായിരുന്നു പ്രാചീന അറേബ്യന്‍ സമ്പ്രദായം. മുസ്‌ലിം യുദ്ധത്തടവുകാരോട് ശത്രുക്കള്‍ ഇതേ നിലപാട് തന്നെ സ്വീകരിച്ചിരുന്നതിനാലും, മോചിപ്പിച്ചു വിട്ടാല്‍ ഒട്ടും താമസിയാതെ ആ ശത്രുക്കള്‍ യുദ്ധത്തിനു കോപ്പ് കൂട്ടുമെന്നതിനാലും മുസ്‌ലിംകള്‍ക്ക് ഈ സമ്പ്രദായം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മുസ്‌ലിം പടയാളിയുടെ വിഹിതത്തില്‍ വരുന്ന യുദ്ധത്തടവുകാരിയെ ഭാര്യയെപ്പോലെ സ്വീകരിക്കാന്‍ അയാള്‍ക്ക് അനുവാദമുണ്ടായിരുന്നു. അവിഹിതബന്ധങ്ങളുടെ പഴുതടക്കാന്‍ ഇത് ആവശ്യമായിരുന്നു.
32) നബി(സ)യുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ നേരത്തെ തന്നെ ഇസ്‌ലാം മതം സ്വീകരിക്കുകയും, ദേശത്യാഗം ചെയ്ത് മദീനയില്‍ ചെല്ലുകയും ചെയ്തിരുന്നു. ചിലര്‍ മക്കാവിജയം വരെയും ശത്രുക്കളുടെ കൂടെ മക്കയില്‍ കഴിച്ചു കൂട്ടുകയാണ് ചെയ്തത്. മാതാവിന്റെയോ പിതാവിന്റെയോ ബന്ധത്തിലുള്ള സ്ത്രീകളില്‍ ആരെയെങ്കിലും നബി(സ) വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഇസ്‌ലാമിനു വേണ്ടി ദേശത്യാഗം ചെയ്തവരെ മാത്രമേ ആകാവൂ എന്ന് അല്ലാഹു അനുശാസിക്കുന്നു.
33) ഒരു സ്ത്രീ നേരിട്ട് ഒരു പുരുഷനെ വരിക്കുന്ന രീതിയല്ല ഇസ്‌ലാമിലുള്ളത്. സ്ത്രീയുടെ അനുവാദത്തോടെ രക്ഷിതാവ് സാക്ഷികളുടെമുമ്പാകെ അവളെ വരന് മഹ്‌റ് നിശ്ചയിച്ചുകൊണ്ട് വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതാണ് ഇസ്‌ലാമിക രീതി. എന്നാല്‍ നബി(സ)ക്ക ്അല്ലാഹു ഈ കാര്യത്തില്‍ ഇളവനുവദിച്ചുകൊടുത്തിരിക്കുന്നു. വിവാഹമൂല്യമൊന്നും വാങ്ങാതെ ഏതെങ്കിലുമൊരു സ്ത്രീ നബി(സ)യോട് തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്ന പക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് അനുവാദം നല്‍കിയിരിക്കുന്നു. ഇപ്രകാരം നബി(സ) ആരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലേ എന്നു നമുക്കു തീര്‍ത്തു പറയാനാവില്ല.
34) സാധാരണ മുസ്‌ലിംകള്‍ക്കെല്ലാം ബാധകമായ ദാമ്പത്യനിയമങ്ങള്‍ അല്‍ബഖറഃ, നിസാഅ് തുടങ്ങിയ അദ്ധ്യായങ്ങളിലും പ്രബലമായ ഹദീസുകളിലും രേഖപ്പെട്ടു കിടക്കുന്നു.


الصفحة التالية
Icon