തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.(45) 
____________________
45) മനുഷ്യനും മറ്റു സൃഷ്ടികളും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കയാണ് ഈ വചനത്തില്‍.ഭീമാകാരങ്ങളായ ആകശഗോളങ്ങള്‍ക്കോ ഭൂമിക്കോ ഉന്നതങ്ങളായ പര്‍വ്വതങ്ങള്‍ക്കോ ഒന്നും തന്നെ 'അമാനത്ത്' (ഉത്തരവാദിത്തം)ഏറ്റെടുക്കാന്‍ കഴിയില്ല. അല്ലാഹു നിശ്ചയിച്ച പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായി വര്‍ത്തിക്കാനേ അവയ്ക്ക് കഴിയൂ. പ്രപഞ്ചഘടനയില്‍ അവയ്ക്ക് വഹിക്കാനുള്ള പങ്ക് സ്വയം നിര്‍ണ്ണയിക്കാന്‍ അവയ്ക്ക് അവകാശമില്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അങ്ങനെയല്ല. വലിയൊരളവോളം പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവന് സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ കര്‍മ്മങ്ങളിലൂടെ സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവന് അവസരം നല്‍കപ്പെട്ടിരിക്കുന്നു. വിവേകമതികളായ മനുഷ്യര്‍ ഈ കഴിവുകള്‍ ഉപയോഗിച്ച് മഹത്തായ വിജയം നേടുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അതത്രെ അവിവേകവും അനീതിയും കാണിക്കാനുള്ള ത്വര. അതിനെ അതിജയിക്കാനുള്ള ആര്‍ജ്ജവത്തെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ വിജയവും മോക്ഷവുമൊക്കെ.


الصفحة التالية
Icon