surah.translation .

തഗാബുന്


ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവന്‍.

അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. നിങ്ങളില്‍ സത്യനിഷേധികളുണ്ട്. സത്യവിശ്വാസികളുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടേയിരിക്കുന്നു.

ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യനിഷ്ഠയോടെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവന്‍ രൂപമേകി. നിങ്ങളുടെ രൂപം അവന്‍ ആകര്‍ഷകമാക്കുകയും ചെയ്തു. നിങ്ങളുടെ തിരിച്ചുപോക്ക് അവങ്കലേക്കാണ്.

ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അവനറിയുന്നു. മനസ്സിലുള്ളതുപോലും അറിയുന്നവനാണ് അല്ലാഹു.

മുമ്പ് സത്യനിഷേധികളാവുകയും അങ്ങനെ തങ്ങളുടെ ദുര്‍വൃത്തികളുടെ കെടുതി അനുഭവിക്കുകയും ചെയ്തവരുടെ വിവരം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ? ഇനിയവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.

അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: "കേവലം ഒരു മനുഷ്യന്‍ ഞങ്ങളെ വഴികാട്ടുകയോ?” അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.

സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്റെ നാഥന്‍ സാക്ഷി! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും; തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം.

സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്ത സങ്കേതം!

അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.

നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍, സത്യസന്ദേശമെത്തിച്ചുതരിക എന്നതല്ലാതെ നമ്മുടെ ദൂതന് മറ്റു ബാധ്യതകളൊന്നുമില്ല.

അല്ലാഹു. അവനല്ലാതെ ദൈവമില്ല. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.

വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം.

അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍.

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു.

തെളിഞ്ഞതും ഒളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും യുക്തിജ്ഞനും.